Sunday, June 2, 2013

സിഗരറ്റ്



ചുണ്ടിലൊരു
ചുടു ചുമ്പനത്തിൽ നിന്ന്,
കവിളുകൾ തൊട്ട് പടർന്നിറങ്ങി
 ആതമാവോളം,
ഹൃദയാഴങ്ങളോളം
 ആകുലതകളെ നേർപ്പിച്ചെടുത്ത്
 അനന്തതയിലേക്ക്.

പകരാൻ മാത്രം
വെട്ടമില്ലെങ്കിലും
നീറി നീറി പുകയുന്നുണ്ട്
പുകക്കുന്നവന്റെ
ഉള്ളിലെ നീറ്റലടക്കി കൊണ്ട്.

അവസാനം ,
 കാൽ ചുവട്ടിൽ ഞെരിഞ്ഞമർന്ന്.
 സിഗരറ്റെന്നത് സ്ത്രീലിംഗ പദം തന്നെയാണ്.

Tuesday, February 23, 2010

ദൈവമേ.....

ദൈവമേ നീയെത്ര
ഏകാന്തനാ‍ണ്
നിന്റെ വിരസതക്ക് മേൽ
കൊത്തം കല്ല്
കളിക്കാൻ ആരാണു നിനക്ക് കൂട്ട്.

പ്രാവുകളുടെ
തൂവലുകൾ വെട്ടിയും
മയിലുകളുടെ
പീലികൾ ചികിയും
ഒതുക്കി കഴിഞ്ഞാൽ
ബാക്കിയാവുന്ന
പകലുകളിൽ
നീയാരോടാണ്
സൊറപറയുന്നത്.

ഒളിക്കാമറയിലൂടെ
മൊബൈലിലേക്ക്
അറിയാതെ വെളിപ്പെട്ടളേ
നേരിൽ കാണുന്നവന്റെ
മുഖത്തെ ഗൂഢ സ്മിതം
നിന്റെ മുഖത്തും
ഒളിപ്പിക്കുന്നുണ്ടോ?

ഉന്നതങ്ങളിലെ
കസേരകളിൽ
സായാഹ്നങ്ങളിൽ
വന്നിരുന്ന്
വരിക്കാശ്ശേരി മനയിലെ
ജീവിതം പോലെ നീ
ഭൂമിയെ കാണാ‍റുണ്ടോ?
ക്ലൈമാക്സ് അറിയുന്ന
സസ്പെൻസ്
ത്രില്ലർ കാണുന്നവനെപോലെ
ബോറടി തോന്നുന്നുണ്ടോ

ദൈവമേ
നിനക്ക് ജീവിക്കാൻ
ഇവിടെ ചില ജീവിതങ്ങളെയെങ്കിലും
വിധിയുടെ ലക്കി ഡ്രൊയിലിട്ട്
കൊടുക്കാമായിരുന്നില്ലെ

Wednesday, January 20, 2010

നിലോഫറേ കാറ്റാടി മരമേ



കടൽ കരയിലെ
കാറ്റാടിക്കു താഴെ
ആടിയാടിയിരിക്കുന്ന
നിലോഫർ
നിന്നെയുലക്കുന്നത്
ഏതുകാറ്റാണ്

നിലോഫർ
കാറ്റാടികളൊക്കെയും
പ്രണയത്തിന്റെ
അടയാളങ്ങളാണെന്ന്
നമ്മുടെ പ്രണയപാഠങ്ങളിലുമുണ്ടോ?
കടൽക്കരയിലെ
ഓരോകാറ്റാടിയും
അനേകം കിണറുകളാണ്
ഉപ്പുകയ്ക്കാത്ത
തെളിനീരിലേക്കാഴുന്ന
വേരുകൾ കുഴിക്കുന്ന
കിണറുകൾ

നിലോഫർ
നിന്റെ പ്രണയത്തിന്റെ
വേരുകൾ
എന്റെ കരളിൽ
കുഴിക്കുന്ന കിണറുകളിൽ
ഉപ്പു ചുവക്കുന്നുവെങ്കിൽ
അതെന്റെ കണ്ണീരിന്റെയാണ്.
കണ്ണീരും കടലും
വിരഹത്തിന്റെ
അടയാളങ്ങളാണേന്നും
നമ്മുടെ പ്രണയ
പാഠങ്ങളിലുണ്ടോ
വിരഹം പ്രണയത്തിന്റെ
അടയാളമാണെന്നെങ്കിലും
നമ്മുടെ ജീവിത പാഠങ്ങളിലുണ്ടല്ലോ.

അലയൊതുങ്ങിയ
കടൽക്കരയിൽ
പ്രണയത്തിന്റെ
അലകൾ കണ്ണുകളിലൊളിപ്പിച്ച്
അലസമയിരിക്കുന്നവളേ
നിലോഫർ
ചാറ്റ് റൂമിലോ
ചാരത്തോ വന്നാൽ
ഞാൻ ശഹ്ബാസിന്റെ
വിരഹാർദ്രസ്വരം
കേൾപ്പിച്ചു തരാം നിനക്ക്
“നീയും നിലാവും കാറ്റിൻ
സുഗന്ധവും“

നിന്റെ മുടിയിലൊളിച്ച്
നിലാവിന്റെ ഏഴാം
കടലുകടക്കാമെന്ന
കിനാവ്
വെട്ടിയൊതുക്കിയ മുടികൊണ്ട്
പാഴ്കിനാവാക്കിവളേ
നിലാവില്ലാത്ത
രാത്രിയിൽ
കടൽക്കരയിൽ
പുകവലിച്ചിരുന്ന്
സിഗരറ്റിന്റെ വെട്ടത്തിൽ
പരസ്പരം കാണാം
എന്നിട്ട് ആഞ്ഞ് ആഞ്ഞ്
പുണർന്ന് പറക്കുന്ന
പുകച്ചുരുളുകളേ നോക്കി
അലിഞ് ചേർന്ന്
പറയാം “അനൽഹഖ്“
കടലിനെ നോക്കി പാടാം
“അലയൊതുങ്ങിയ….“
ചിത്രമ്മ്: http://fineartamerica.com/watermark.html?id=646969

Friday, January 1, 2010

പുരാവത്സരങ്ങളൊന്നിൽ നിന്ന്




വിഷാദത്തിന്റെ
വിരലുകളുടെ വർണം
ഇരുട്ടായിരുന്നു.

കൌമാരത്തിന്റെ
സയാഹ്നങ്ങളിൽ
ആ വിരലുകളിൽ തൂങ്ങി
സ്വപ്നത്തിനും
ഭീതിക്കുമിടക്കുള്ള
മൌനത്തിന്റെ പാലത്തിൽ
ബാലന്സു തെറ്റി
ആടിയാടി നടന്നിരുന്നു.

വെളിച്ചത്തീന്റെ
കുത്തൊഴൊക്കിനെതിരെ
കൺപോളകൾ
തകർന്നു പോയേക്കാവുന്ന
അണകൾ കെട്ടിയിരുന്നു.

സ്വപ്നത്തിന്റെ ആറ്റങ്ങൾ
കുമിളകളായി മാ‍ല കോർന്ന്
കൺ‌മുന്നിൽ തുള്ളൽ കളിച്ചിരുന്നൂ.
കുമിളകൾ പൊട്ടി
കവിതകളൊലിച്ചിരുന്നു,

വെളിച്ചത്തിൽ നിൽക്കുന്ന
ഇരുട്ടിന്റെ മുഖമുള്ള കൂട്ടങ്ങൾ
ശബ്ദരഹിതമായ അക്ഷരങ്ങളിൽ
പ്രാന്തനെന്ന് പരസ്പരം
അടക്കം പറഞ്ഞിരുന്നു.
അവരുടെ വായിൽ നിന്നും
വന്നൂ പതിച്ച ദുർഗന്ധത്തിന്റെ
തുപ്പലുകളെ
ഉമ്മ തെളിമയാർന്ന
കണ്ണീരുകൊണ്ട്
ക്ഴുകി കളഞ്ഞിരുന്നു.

ചീത്രം :--http://www.schmitt-hall-studios.com/art3/depression.jpg

Sunday, November 1, 2009

മുത്തുകൾ

കടലാഴങ്ങളിലെ
ചിപ്പികളിൽ
പരതി പരതിയാണവൻ
അവളുടെ മാലക്കുള്ള
മുത്തുകൾ കണ്ടെടുത്തത്.

നൂലില്‍ കോർത്തൊരീ-
മുത്തുകളോ മാലയെന്നവൾ.
ചരടില്‍ കോർത്തൊരീ-
കുരുക്കൾ ഏതെന്നവളുടെ
സഖിയും

സഹികെട്ടവന്‍
‍സമുദ്രാഴങ്ങളിലേക്ക്‌
തിരിച്ചെറിഞ്ഞവയെ
ആഴിയുടെ
അകം ഞൊറികളില്‍
വാത്സല്യം കൊണ്ടൊളിപ്പിച്ചു.

കടലിനറിയാം
മുത്തിനെ പ്രസവിക്കാൻ
ഗർഭം പേറുന്ന ചിപ്പിയുടെ നോവ്
കവിതയെ പേറുന്ന കവിയെ പോലെ.

സമർപ്പണം:- കവിതയെഴുതിയതു കൊണ്ട് പഴി കേൾക്കേണ്ടി വന്ന ലതീഷിന്

Saturday, October 17, 2009

അനധികൃത കുടിയേറ്റക്കാരന്


ഫൂൽ ഫുലയ്യായുടെ
അറ്റമെത്താത്ത
ഇടവഴികളിൽ
കെട്ട്യോളുമായി
ഭയത്തിന്റെ
ഒളിച്ചുകളി കളിക്കുന്നത്രെ
രസകരമായിരിക്കും

ജീവിതത്തിനും
ഇരുട്ടിനുമിടക്ക്
അവിചാരിതമായൊരു
കൂട്ടിമുട്ടൽ
തൊട്ട്, പുണർന്ന്, ആഞ്ഞ് പുൽകി
ഒളിച്ചുകളി ഇരുട്ടിന്റെ
ധൈര്യവും പ്രതീക്ഷയുമാണ്

അതാവണം ഉമ്മ പറഞ്ഞു കൊണ്ടേയിരിക്കുന്നത്
നിനക്കൊരു കുഞ്ഞുണ്ടായിരുന്നേൽ
വല്യുമാക്കും കൊച്ചുമോനും
ഒളിച്ചു കളി കളിക്കാമായിരുന്നു.
ജന്മാന്തരങ്ങളെ തൊട്ട്
അവർ കളിക്കുമാ‍യിരിക്കും

പെണ്ണിന്റെ മെടഞ്ഞിട്ട
മുടിയഴിക്കുമ്പോലെ
അഴിഞ്ഞഴിഞ്ഞ്
പോവുന്ന വഴികളേ
ആകാശം തുരക്കുന്ന
മലകളേ
ഹൃദയൻ തുരക്കുന്ന
പ്രണയമേ..
(ജീവിത) ഘടികാരത്തിലെഒരു ഹമ്പായിക്കൂടെ നിങ്ങൾക്ക്
പിൻ‌കുറി:-ഒൻപതു വർഷമായി റസാഖ് കാക്ക മണലിലുണ്ട്. അവന്റെ കെട്ട്യോൾ ഇടവഴിയിലും..

Monday, October 5, 2009

എനിക്ക് വയ്യ

ചില പ്രഭാതങ്ങളങ്ങനെയാണ്.
പ്രതീക്ഷയുടെ ഒരു കിരണം പോലുംസ്ഫുരിക്കാതെ…
അവൻ പോയെന്ന്…
ഒരു കൈ തന്നിട്ട് അവൻ പോയെന്ന്.
അവന്റെ കൈകളിൽ ഒരു തണുപ്പരിക്കുന്നുണ്ടെന്ന്
ഞാനറിഞ്ഞില്ലല്ലോ.

മരണത്തിന്റെ പരിധിക്ക്
കുറഞ്ഞ പ്രായം വെക്കാതെ
ദൈവമെന്തിനാണിങ്ങനെ അമർഷങ്ങളെ വാങ്ങിക്കൂട്ടുന്നത്

അവനിനി ഇല്ലെന്ന്.
ശൂന്യതകളിലേക്ക്
വന്നു വീഴുന്ന
നെടുവീർപ്പുകളുടെ
ശാപമെന്തിനാണു
മരണമേ നീ ഇങ്ങനെ
വാങ്ങി നിറക്കുന്നത്.

ഉതിർത്ത
വിരലുകളില്ലാതെ
ബാക്കിയാവുന്ന
അക്ഷരങ്ങൾ
എന്റെ ചങ്കിൽ
തറക്കുന്നു.

കയിൽ നിന്ന് ഒരു തണുപ്പ് നെഞ്ചിലേക്ക്
ആഴ്ന്നിറങ്ങുന്നു.
എനിക്ക് വയ്യ കരയാനുണ്ടാവുമായിരിക്കും.

Tuesday, September 29, 2009

ഭൂപടം


മട്ടകോണുകളുടെ ഗണിതമറിയാത്ത കലാകാരൻ വരച്ചതു കൊണ്ടാവണം ബിറ്റ് വെച്ച് നേടാനുള്ള എന്റെ (ദു)സ്വാതന്ത്ര്യത്തേയും പറ്റിച്ച് സ്കൂൾ ഉത്തരകടലാസുകളിൽ നിന്ന് ഭൂപടം എന്റെ അഞ്ച് മാർക്ക് മോട്ടിച്ച് കടന്നു കളയുമാ‍യിരുന്നു. സ്വാതന്ത്ര്യം നേടുകയെന്നാൽ അതിരുകൾക്കുള്ളിലേക്ക് ചുരുക്കപ്പെടലാണോ എന്ന് സൈബീരിയായിൽ നിന്ന് കടലുണ്ടിയിലേക്ക് വിരുന്നു വരാറുള്ള വെള്ള കൊക്ക് ചോദിക്കുമായിരുന്നു. കളഞ്ഞു കിട്ടിയ ഒരു തൂവാലയുണ്ടായിരുന്നു കയ്യിൽ. അതിൽ ഋജു രേഖകളിലുള്ള ഭൂപടം തുന്നാൻ കൊടുത്തു ഇന്നലെ..

Tuesday, September 8, 2009

ഹസനേ.. വസന്തമേ..


വിരൽ തുമ്പിൽ
കവിതയുടെ
സംസം ഒളിപ്പിക്കുന്നവനേ
ഹസന്‍

നിന്റെ വിരലൊന്നു
ഞാൻ നുണഞ്ഞോട്ടെ.
നിന്റെ പ്രണയത്തിന്റെ
ഉറവയിൽ നിന്ന്
ഞാനിത്തിരി
കുടിച്ചോട്ടേ.

സിഗരറ്റ്‌ പുകയെ
ചുരുളായ്‌ തുപ്പുന്ന
ഹസന്‍
നില്ല്...
വിശക്കുന്ന
ചും‌ബനം നിന്റെ
വളയുന്ന ചുണ്ടിലിട്ടു
ഞാൻ നിന്നെയൊന്ന്
പുക വലിച്ചോട്ടെ.

വലം കൈ ചുരുട്ടി
ഇടനെഞ്ചിൽ നീ
മർദ്ദിക്കുമ്പോൾ
ഹസനേ ചൊല്ല്
ഒരു കവിത ചൊല്ല്
നിന്റെ കവിത
കേട്ടില്ലേൽ
തണുത്തുറഞ്ഞ
എന്റെ കണ്ണുനീർ
ഒഴുകാൻ മറന്നേക്കും.

ഏകാന്തതയുടെ തീരങ്ങളിലേക്ക്‌
വിട്ടകന്ന് പോകും മുൻപ്‌
സഫാക്കും മർവ്വാക്കുമിടയിലേക്ക്‌
നീ ഒന്ന് പോരുന്നോ ഹസന്‍
അടിമ ഹാജറയുടെ
പാല്‌ വറ്റിയ
മാറിടത്തിൽ നിന്ന്
വാത്സല്യത്തിത്തിന്റെ
പെരുന്നാളുണ്ണാം
നമുക്ക്‌...

ഉമ്മയുടെ അമ്മിഞ്ഞ
കാലടിച്ച്‌
വരണ്ട ഭൂവിൽ നിന്ന്
ഉറവ കൊള്ളിച്ച്‌
ഇസ്മായിൽ
കാലങ്ങളുടെ
ദാഹം ശമിപ്പിക്കുന്നതെങ്ങനെയെന്നും
നോക്കാം നമുക്ക്‌.

ഹാജറയെ പോലെ
സഫാക്കു മർവ്വാക്കും
ഇടയിൽ ഓടാം
നമുക്ക്‌..

വറ്റിയ മുലകളിൽ നിന്നും
ഒരു സംസ്കാരം അവൾ
ഓടി പടുത്തെതെങ്ങനെയെന്നും
നമുക്ക്‌ നോക്കാം..

ഹാജറായുടെ പ്രണയത്തിന്റേയും
വിരഹത്തിന്റേയും
ചിന്തകളിൽ
നമുക്ക്‌ അരക്കെട്ടുകളിൽ
കെട്ടിപിടിച്ച്‌
ഒരു ഹുക്ക പങ്കിട്ടു വലിക്കാം
എന്നിട്ടവളുടെ
വിരലു പതിഞ്ഞ
ഒരു മണൽ തരി
മനസ്സിലിട്ട്‌
ഏകാന്തതകളിലേക്ക്‌
പിരിയാം...

Monday, September 7, 2009

ശ്രീദേവി മുവീസ്‌ ഇത്തിരി സദാചാര വൃത്താന്തങ്ങൾ





വെട്ടത്തിനു കടക്കാൻ മാത്രം
വട്ടമുള്ള പീപിങ്ങ്‌ ഹോളിലൂടെ
നരച്ച സൂര്യവെളിച്ചം
ശ്രീദേവി മുവ്വീസിന്റെ
സീറ്റുകൾ ചാടികടന്ന്
സ്ക്രീനിലേക്ക്‌കുടിയേറുമ്പോഴാണ്‌
സാരികുത്തിന്‌പിടിച്ച
ഉമ്മറിന്റെ കൈതട്ടിമാറ്റി
സീമ സ്ക്രീൻ വിട്ടിറങ്ങിയോടിയത്‌
ഒന്നമാന്തിച്ചാണ്‌ഉമ്മറും
പിറകെ കൂടിയത്‌
10 രൂപയുടെ നഷ്ട്മമോർത്ത്‌
പിന്തുടരാൻ തുടണ്ടിയകാണികൾ
പുറത്തെ വെളിച്ചത്തെ
പേടിച്ച്‌ തിരികെ വന്ന്
ഇരുട്ടിന്റെ ഹിജാബ്‌കൊണ്ട്‌
മുഖംമറച്ച്‌ ഉച്ചത്തിൽ കൂവി

പാണ്ടിക്കാട്‌ റോഡിലെ
തിരക്കിനിടയിൽവെച്ചാണ്‌
സീമയെ ഉമ്മർവീണ്ടും പിടിക്കുന്നത്‌.
പുച്ഛവും പ്രതിഷേധവും
മുഖത്തേക്ക്‌ചർദ്ദിച്ചിട്ട
ആൾകൂട്ടത്റ്റിലൊരുവൻ
സീമയുടെ വയറിന്റെവെളുപ്പിനെ
ശ്‌ .. എന്നുള്ളിലേക്ക്‌
ആഞ്ഞുവലിച്ചപ്പോഴാണ്‌
വെള്ളിത്തിരക്കു പുറത്ത്‌
സ്ക്രിപ്റ്റിന്റെ ഔചിത്യത്തേകുറിച്ച്‌
ഉമ്മറിന്‌ സംശയംതോന്നിയത്‌.
സീമക്ക്‌ സ്ക്രീനിനുപുറത്തെ
സദാചാരവുംസംസ്കാരവും
ലജ്ജയായ്‌വന്നതും

ആൾക്കൂട്ടത്തിലെ
ഏകാന്തതയുടെവിരസപ്പെടലിൽ
ശ്രീദേവീസ്‌ കൊട്ടകയിലിരുന്നൊരാൾ
കോളേജും കുന്നിനും പുറകിലെ
വിജനമാം പൊന്തകാടുകളിലാവുമോ
സീമയെ ഉമ്മറിനു കിട്ടിയതെന്ന്
ഒരു സാധ്യതാ നിരിക്ഷണംപുറത്തു വിട്ടത്‌.
അതിന്റെ അനന്ത സാധ്യതകളിൽനിന്നാവണം
മൂവിസിലെ ജനങ്ങൾവാനിഷ്‌ ചെയ്യപ്പെട്ടത്‌.

അപ്പോൾ തെളിമയില്ലാത്ത
ചിത്രമായ്‌സ്ക്രീനിൽ
ഉമ്മാച്ചുമായനെ
ഒരുകറുത്ത ചുമ്പനം കൊണ്ട്‌പൊതിഞ്ഞു.

Friday, September 4, 2009

പകൽ കിനാവൻ



ബ്രസീലിലൊരു

ഇരട്ട പൌരത്വം

റോബീഞോയുടെ

പാസ്സിൽ നിന്നൊരു ഗോൾ


ആറുപന്തിലുംസിക്സർ

സചിനോടൊപ്പംഒരു

റെക്കോർഡ് കൂട്ട് കെട്ട്

ജൈസാടെ ഇക്ക പിടിച്ചന്റെ

പ്രണയ കുറിമാനം

അവളുടെവാപ്പായുടെ

കൈപിടിച്ചൊരു നിക്കാഹ്


ഓസ്കാറിന്റെ വേദിയിൽ

സമീറാ മാക്ബെൽഫിൽ

നിന്നൊരു ഷേക് ഹാന്റ്

നോബേൽ പ്രസിനൊപ്പം

Elfide jelnek ൽ നിന്ന്

കവിളിലൊരുമ്മ


ചോരപുരളാത്തൊരു

വിപ്ലവം, അട്ടിമറി

ഗരീബിയുടെഭരണം


വാലസും പ്ലാത്തും ഇടപള്ളിയും

മൂന്നുകഷ്ണം കഫനിൽ എന്റെ തന്നെ മയ്യിത്തും

എന്റെ രാത്രികളിൽ

നിദ്രകെടുത്താൻ

തുടങ്ങിയ തൊട്ട്

ഞാൻ ഉറക്കത്തിൽ

സ്വപ്നം കാണാറില്ല

-----------

സമർപ്പണം പിൻ‌കുറി:- പോസ്റ്റ് ചെയ്യെരുതെന്ന് കരുതിയൊരു കവിതയാണ്.

ഞാൻ മരിച്ചു പോയെന്ന് സ്വപം കണ്ട അഞ്ജാതനാം സുഹൃത്തിന്‌ സമർപ്പിക്കാൻ വേറൊന്നും ഇപ്പൊ കയ്യിലില്ല.

Monday, August 3, 2009

പുഴ, പൂട്ട. കാളാന്തട്ട.രതി, പ്രവാസം


ലേബലു പറിച്ചു കളഞ്ഞ
ഹോർളിക്സ് കുപ്പിയിൽ
ഞാനെന്റെ പുഴയെ
വരുത്തുമായിരുന്നു.
വയറിൽ കറുത്ത
പൊട്ടിട്ട ഒരു പൂട്ടയേയും
കൂട്ടുമായിരുന്നു പുഴ
വെള്ളം മാറ്റിയെടുത്തിലേൽ
മീൻ ചാവുമെന്ന് ഉമ്മ.
ഒഴുകുന്ന പുഴയിലേക്ക്
തളച്ചിട്ട കിണറിനെ
കലർപ്പിക്കുന്നത്
പാപമെന്ന് ഞാനും
മോന്തി നേരത്ത്
പൂട്ടകൾ മലർന്ന് പെടച്ച് ചാവും
ചത്ത പൂട്ടകൾ നിന്റെ ശ്വാസവും
മുട്ടിക്കുമെന്ന് വല്യുമ്മ.


മൂട്ടിൽ മൂട് ഒട്ടിച്ച്
ഇണ ചേർന്ന് ജാഥപോവുന്ന
കാളാന്തട്ടകളെ
പിരിച്ചിട്ട് രണ്ടാക്കും
ഒന്നാകാൻ
നോക്കുന്ന കോഴികളെ
എറിഞു രണ്ടാക്കും
ഈ പാപം പേറിയാലും
ഈ ശാപം നീ എങ്ങനെ
സഹിക്കുമെന്ന് മൂത്തമ്മ


എന്റെ വഴിയിലെവിടെയോ
പ്രവാസത്തിന്റെ ഒരു വാതിൽ
മണലിൽ പിടിച്ചിട്ട
പൂട്ടയെ പോലെ ശ്വാസം കിട്ടാതെ
പൊള്ളിക്കുന്ന കിടക്കയിൽ
ഏകാനായ് പിടയുന്ന
സ്വപനം എന്റെ
ഉറക്കം മുറിക്കുന്നു
ഈയിടെയായ്


പൂട്ട- ചെറിയ ഒരു പുഴമത്സ്യത്തിന്റെ പ്രാദേശിക പേര്
കാളാന്തട്ട ചുവന്ന ശരീരത്തിൽ കറുത്ത പുള്ളികളുള്ള ഒരു തരം പ്രാണി

Saturday, June 27, 2009

തിരിച്ചറിയൽ കാർഡിനപേക്ഷിച്ചിരുന്നു.


വെള്ളപട്ടാളം
തിരൂരങ്ങാടീക്ക്
ജാഥപോയപ്പോ
കല്ലെറിഞ്ഞെന്റെ
വല്യുമ്മാ‍..
ആ കല്ലിന്റെ ചീളിനെന്നെ
അടയാളപ്പെടുത്താനാവില്ലപോൽ
മാപ്പിള മലയാളം
നാവിലേക്ക്
മുലയൂട്ടി തന്ന
ഉമ്മാ‍...
നിങ്ങൾ വിശപ്പാറ്റിയ
അന്നം മേടിച്ചതൊക്കെയും
അപരായിയിരുന്നുപോൽ
നിങ്ങളിവിടെ ജനിച്ചിട്ടേയില്ല പോൽ
കള്ള ലോഞ്ച്
കേറി
പെട്രോ ഡോളർ
തേടിയെന്റുപ്പാ..
യുദ്ധത്തിന്റന്ന്
പിടിത്തം കൊടുത്ത്
പോന്ന ശേഷം
നിങ്ങളെടുത്ത
രണ്ടാം പാസ്പോർട്ട്
എന്നെ വിളിക്കുന്നു
തന്തയില്ലാത്തവനേയെന്ന്.
വല്യുപ്പാന്റെ
മീസാൻ കല്ലിലും
ഉമ്മാനെ പെറ്റിട്ട
പുഴമ്പാലിയിലും
ഞാൻ പെറന്നു വീണ
മിഷാനാസ്പതിയിലും
എന്റെ ചോരവീണ
സ്കൂൾ മൈതാനത്തും
മഷികടലാസ്
പരതിയിരുന്ന
വില്ലേഞ്ചാപ്പീ‍സിനു
പുറകിലും
ഞനെന്നെ
തിരിച്ചറിയാനുള്ള
അടയാളങ്ങളും
തപ്പി നടപ്പാ‍ണിപ്പോൾ

Monday, June 15, 2009

(ഗീബത്സിയൻ) യാഥാർഥ്യങ്ങളുടെ തേട(ഉട)ലിൽ

ഉടലിൽ
തേടുന്നതൊക്കെയും
അജ്ഞാതമാം
കോശങ്ങളിലേക്ക്
ഓടിയൊളിക്കുന്നു.
ഭാവനയുടെ ചിറകുകളിലെ
തൂവലുകൾക്ക് ഭാരമേറിയതാവണം
“എന്റെകഥ” മെനയുവാൻ
മഷിയുറ്റുന്നില്ല.
തിരച്ചിലൊടുവിൽ
ഉറയിലൂറ്റി ഓടയിലെറിഞ്ഞ
എന്റ് കിടാങ്ങളുടെ വിലാപം
കാതിലലക്കും മുൻപ്
ഉടലിലേക്കൂർന്ന്
അഗാധങ്ങളിലെ
അനുഭൂതിയുടെ
കോശത്തിലൊളിക്കണം
അവിടെ നിന്നൊരു
നാഗമാണിക്യത്തെ
കണ്ടെടുക്കണം.

Sunday, June 7, 2009

പ്രാണനേ നിലോഫര്‍


നിലോഫർ,
നിന്റെ കറുത്ത
കൃഷ്ണമണിയിലെ
മൊസ്ലി പവർ
എന്റെ സിരകളിൽ
തീ പാറ്റിക്കുന്നു.

പിയെത്തോയുടെ
നിതംബവും
അഫ്രോഡെറ്റിന്റെ
മാറിടങ്ങളും
കടം കൊണ്ടവളേ
അറീസിന്റെ
ചുണ്ടുമായി
നിന്നെചുറ്റുന്ന
ഇൻസാറ്റ്കളാകും
ഞാൻ,

നിന്റെ മുടികളിൽ
കടലാസുപുഷ്പം
ചൂടിക്കുന്നത്‌
മണമടിച്ച് വരുന്ന
വണ്ടുകൾ
എന്റെ പ്രണയത്തിന്റെ
ചുമ്പനങ്ങളെ
പകുത്തെടുക്കാതിരിക്കാനാണ്.

നിലോഫർ
നിന്റെ പ്രണയം
ശലഭത്തിന്റെ
ചിറകിന്റെ സ്പർശനമായി
എന്റെ ഹൃദയത്തിൽ
തലോടുമ്പോൾ
എന്റെ പ്രണയം
വമിപ്പിക്കുന്ന
ആൻ‌ഡ്രൊജെനുകൾ
നിന്നെ മുറിവേൽ‌പ്പിക്കുന്നുവെങ്കിൽ
പറയുക
ക്രോണസിനെപ്പോലെ
ഞാൻ എന്റെ ഖഡ്കവും
കടലിലെറിഞേക്കാം

എങ്കിലും
നിലോഫർ
എന്റെ പ്രണയത്തെനീ
മുക്കി കൊല്ലാതിരിക്കുക

ചിത്രം: http://thebeautybrains.com/wp-content/uploads/2007/10/101907-henna-tattoo.jpg