Saturday, June 27, 2009

തിരിച്ചറിയൽ കാർഡിനപേക്ഷിച്ചിരുന്നു.


വെള്ളപട്ടാളം
തിരൂരങ്ങാടീക്ക്
ജാഥപോയപ്പോ
കല്ലെറിഞ്ഞെന്റെ
വല്യുമ്മാ‍..
ആ കല്ലിന്റെ ചീളിനെന്നെ
അടയാളപ്പെടുത്താനാവില്ലപോൽ
മാപ്പിള മലയാളം
നാവിലേക്ക്
മുലയൂട്ടി തന്ന
ഉമ്മാ‍...
നിങ്ങൾ വിശപ്പാറ്റിയ
അന്നം മേടിച്ചതൊക്കെയും
അപരായിയിരുന്നുപോൽ
നിങ്ങളിവിടെ ജനിച്ചിട്ടേയില്ല പോൽ
കള്ള ലോഞ്ച്
കേറി
പെട്രോ ഡോളർ
തേടിയെന്റുപ്പാ..
യുദ്ധത്തിന്റന്ന്
പിടിത്തം കൊടുത്ത്
പോന്ന ശേഷം
നിങ്ങളെടുത്ത
രണ്ടാം പാസ്പോർട്ട്
എന്നെ വിളിക്കുന്നു
തന്തയില്ലാത്തവനേയെന്ന്.
വല്യുപ്പാന്റെ
മീസാൻ കല്ലിലും
ഉമ്മാനെ പെറ്റിട്ട
പുഴമ്പാലിയിലും
ഞാൻ പെറന്നു വീണ
മിഷാനാസ്പതിയിലും
എന്റെ ചോരവീണ
സ്കൂൾ മൈതാനത്തും
മഷികടലാസ്
പരതിയിരുന്ന
വില്ലേഞ്ചാപ്പീ‍സിനു
പുറകിലും
ഞനെന്നെ
തിരിച്ചറിയാനുള്ള
അടയാളങ്ങളും
തപ്പി നടപ്പാ‍ണിപ്പോൾ

Monday, June 15, 2009

(ഗീബത്സിയൻ) യാഥാർഥ്യങ്ങളുടെ തേട(ഉട)ലിൽ

ഉടലിൽ
തേടുന്നതൊക്കെയും
അജ്ഞാതമാം
കോശങ്ങളിലേക്ക്
ഓടിയൊളിക്കുന്നു.
ഭാവനയുടെ ചിറകുകളിലെ
തൂവലുകൾക്ക് ഭാരമേറിയതാവണം
“എന്റെകഥ” മെനയുവാൻ
മഷിയുറ്റുന്നില്ല.
തിരച്ചിലൊടുവിൽ
ഉറയിലൂറ്റി ഓടയിലെറിഞ്ഞ
എന്റ് കിടാങ്ങളുടെ വിലാപം
കാതിലലക്കും മുൻപ്
ഉടലിലേക്കൂർന്ന്
അഗാധങ്ങളിലെ
അനുഭൂതിയുടെ
കോശത്തിലൊളിക്കണം
അവിടെ നിന്നൊരു
നാഗമാണിക്യത്തെ
കണ്ടെടുക്കണം.

Sunday, June 7, 2009

പ്രാണനേ നിലോഫര്‍


നിലോഫർ,
നിന്റെ കറുത്ത
കൃഷ്ണമണിയിലെ
മൊസ്ലി പവർ
എന്റെ സിരകളിൽ
തീ പാറ്റിക്കുന്നു.

പിയെത്തോയുടെ
നിതംബവും
അഫ്രോഡെറ്റിന്റെ
മാറിടങ്ങളും
കടം കൊണ്ടവളേ
അറീസിന്റെ
ചുണ്ടുമായി
നിന്നെചുറ്റുന്ന
ഇൻസാറ്റ്കളാകും
ഞാൻ,

നിന്റെ മുടികളിൽ
കടലാസുപുഷ്പം
ചൂടിക്കുന്നത്‌
മണമടിച്ച് വരുന്ന
വണ്ടുകൾ
എന്റെ പ്രണയത്തിന്റെ
ചുമ്പനങ്ങളെ
പകുത്തെടുക്കാതിരിക്കാനാണ്.

നിലോഫർ
നിന്റെ പ്രണയം
ശലഭത്തിന്റെ
ചിറകിന്റെ സ്പർശനമായി
എന്റെ ഹൃദയത്തിൽ
തലോടുമ്പോൾ
എന്റെ പ്രണയം
വമിപ്പിക്കുന്ന
ആൻ‌ഡ്രൊജെനുകൾ
നിന്നെ മുറിവേൽ‌പ്പിക്കുന്നുവെങ്കിൽ
പറയുക
ക്രോണസിനെപ്പോലെ
ഞാൻ എന്റെ ഖഡ്കവും
കടലിലെറിഞേക്കാം

എങ്കിലും
നിലോഫർ
എന്റെ പ്രണയത്തെനീ
മുക്കി കൊല്ലാതിരിക്കുക

ചിത്രം: http://thebeautybrains.com/wp-content/uploads/2007/10/101907-henna-tattoo.jpg

Friday, June 5, 2009

തുടകൾ....*

.....* തുടകൾ മറഞ്ഞിരിക്കുന്നവയുടെ സമീപത്തല്ലായിരുന്നുവെങ്കിൽ ഞാൻ കാൽ‌വണ്ണകളെ പ്രണയിച്ചേനേ. വയർ മറക്കപ്പെടുന്നവയുടെ ഇടക്കല്ലായിരുന്നുവെങ്കിൽ ഞാൻ പിൻ കഴുത്തുകളെ വർണ്ണിച്ചേനേ.




തീട്ടം
മണക്കുന്ന
കടൽക്കരയിൽ
ഉപ്പിട്ട മാന്തളിനൊപ്പം
സൺബാത്തിന്
ഉണങ്ങാൻ
കിടക്കുമ്പോഴാവണം
സൌന്ദര്യത്തെ
തെരയാൻ
ആഗ്രഹിച്ചത്
ഞൊണ്ടി പഴ
ചുണ്ടിലും
അമ്പിളിക്കല
നെറ്റിയിലും
ആലില
വയറിലും
ആസ്വദ
തിരക്കിന്റെ
ട്രാഫിക്
ജാമായതിനാലവണം
മുറിക്കാൻ
മറന്ന
നഖത്തിനടിയിലും
ചെവിയിൽ നിന്ന്
തെറിക്കുന്ന
രോമാഗ്രത്തിലും
ഇഞ്ചി കഷ്ണ
കാൽ‌വിരലുകളിലും
സൌന്ദര്യം
തേടാൻ
തുടങ്ങിയത്
മാന്തൾ
മണം
മൂക്കിലടിച്ചപ്പോഴാവണം
രംഭ
തിലോത്തമമാരുടേ
ചുണ്ടിന്റെ
നിറം
മനസ്സിൽ വന്നത്
ലാക്മേയുടെ
ഷോറൂം
സ്വർഗത്തിൽ
തുറന്നിട്ടാല്ലായെങ്കിൽ
താമ്പൂലം
കുപ്പായത്തിൽ
കറ തീർക്കുമല്ലോയെന്ന്
നിരാശപ്പെട്ടത്.
മെതിയടിയിൽ
നിന്ന് മാറിയുട്ടുണ്ടാവില്ലേ
എന്നെ ഹൈ ഹീൽ
ഫെറ്റിഷിസം
ആകുലപ്പെട്ടത്.
കടൽക്കാക്ക
പറന്ന്
പോവുന്നത്
കണ്ടപ്പോഴാവണം
ദൈവത്തിന്റെ
ബ്രഷ് കിട്ടിയിരുന്നെങ്കിൽ
വീനസ് വില്യംസിൽ
മുക്കി
ഷാരപ്പോവക്കിത്തിരി
നിറം പകരമെന്ന്
നിനച്ചത്

Tuesday, June 2, 2009

അലിഫായിരം



അലിഫിൽ
നിന്ന്
തുടങ്ങണമെന്നും
അലിഫായീരമെന്നും
ബോധിപ്പിക്കുന്നവനെ
നിന്റെ സ്നേഹം
അഗാധതയുടെ
ഓരത്ത്
മേയുന്ന
ആടിൻ കുഞ്ഞിന്റെ
കഴുത്തിലെ
കയറെന്ന പോൽ
എന്നെ നോവിക്കുന്നു.


അപഥ യാത്രയിലേക്ക്
വഴുതുമ്പോൾ
നേർവഴി തെള്യിക്കുന്ന
അല്ലാഹ്
നിന്റെ കാരുണ്യം
എന്റെ സിരകളിൽ
മത്തു പിടിപ്പിക്കുന്നു
ഉന്മത്തന്റെ
ജല്പനങ്ങളെ
നീ
അലിവിന്റെ
മഴകൊണ്ട്
മായ്ചുകളയുക

നീ വെളിപ്പെട്ട
സീനാകുന്നിന്റെ
മുകളിൽ
ഞാൻ
സുജൂദിൽ
വീഴുമ്പോൾ
എന്റെ മുതുകിലെ
പാപത്തിന്റെ
ഭാരങ്ങൾ
നീക്കിതരിക

മൂന്നക്ഷരങ്ങളുടെ
സ്മരണകളാൽ
എന്റെ ഉള്ളം നിറക്കുക
പിടലി ഞെരമ്പോളം
അടുക്കുമ്പോൾ
ഒന്നു ആഞ്ഞു പുണർന്നേക്കുക
എന്റെ സ്വർഗം
തന്നേക്കുക