Saturday, October 17, 2009

അനധികൃത കുടിയേറ്റക്കാരന്


ഫൂൽ ഫുലയ്യായുടെ
അറ്റമെത്താത്ത
ഇടവഴികളിൽ
കെട്ട്യോളുമായി
ഭയത്തിന്റെ
ഒളിച്ചുകളി കളിക്കുന്നത്രെ
രസകരമായിരിക്കും

ജീവിതത്തിനും
ഇരുട്ടിനുമിടക്ക്
അവിചാരിതമായൊരു
കൂട്ടിമുട്ടൽ
തൊട്ട്, പുണർന്ന്, ആഞ്ഞ് പുൽകി
ഒളിച്ചുകളി ഇരുട്ടിന്റെ
ധൈര്യവും പ്രതീക്ഷയുമാണ്

അതാവണം ഉമ്മ പറഞ്ഞു കൊണ്ടേയിരിക്കുന്നത്
നിനക്കൊരു കുഞ്ഞുണ്ടായിരുന്നേൽ
വല്യുമാക്കും കൊച്ചുമോനും
ഒളിച്ചു കളി കളിക്കാമായിരുന്നു.
ജന്മാന്തരങ്ങളെ തൊട്ട്
അവർ കളിക്കുമാ‍യിരിക്കും

പെണ്ണിന്റെ മെടഞ്ഞിട്ട
മുടിയഴിക്കുമ്പോലെ
അഴിഞ്ഞഴിഞ്ഞ്
പോവുന്ന വഴികളേ
ആകാശം തുരക്കുന്ന
മലകളേ
ഹൃദയൻ തുരക്കുന്ന
പ്രണയമേ..
(ജീവിത) ഘടികാരത്തിലെഒരു ഹമ്പായിക്കൂടെ നിങ്ങൾക്ക്
പിൻ‌കുറി:-ഒൻപതു വർഷമായി റസാഖ് കാക്ക മണലിലുണ്ട്. അവന്റെ കെട്ട്യോൾ ഇടവഴിയിലും..

Monday, October 5, 2009

എനിക്ക് വയ്യ

ചില പ്രഭാതങ്ങളങ്ങനെയാണ്.
പ്രതീക്ഷയുടെ ഒരു കിരണം പോലുംസ്ഫുരിക്കാതെ…
അവൻ പോയെന്ന്…
ഒരു കൈ തന്നിട്ട് അവൻ പോയെന്ന്.
അവന്റെ കൈകളിൽ ഒരു തണുപ്പരിക്കുന്നുണ്ടെന്ന്
ഞാനറിഞ്ഞില്ലല്ലോ.

മരണത്തിന്റെ പരിധിക്ക്
കുറഞ്ഞ പ്രായം വെക്കാതെ
ദൈവമെന്തിനാണിങ്ങനെ അമർഷങ്ങളെ വാങ്ങിക്കൂട്ടുന്നത്

അവനിനി ഇല്ലെന്ന്.
ശൂന്യതകളിലേക്ക്
വന്നു വീഴുന്ന
നെടുവീർപ്പുകളുടെ
ശാപമെന്തിനാണു
മരണമേ നീ ഇങ്ങനെ
വാങ്ങി നിറക്കുന്നത്.

ഉതിർത്ത
വിരലുകളില്ലാതെ
ബാക്കിയാവുന്ന
അക്ഷരങ്ങൾ
എന്റെ ചങ്കിൽ
തറക്കുന്നു.

കയിൽ നിന്ന് ഒരു തണുപ്പ് നെഞ്ചിലേക്ക്
ആഴ്ന്നിറങ്ങുന്നു.
എനിക്ക് വയ്യ കരയാനുണ്ടാവുമായിരിക്കും.