Monday, August 3, 2009

പുഴ, പൂട്ട. കാളാന്തട്ട.രതി, പ്രവാസം


ലേബലു പറിച്ചു കളഞ്ഞ
ഹോർളിക്സ് കുപ്പിയിൽ
ഞാനെന്റെ പുഴയെ
വരുത്തുമായിരുന്നു.
വയറിൽ കറുത്ത
പൊട്ടിട്ട ഒരു പൂട്ടയേയും
കൂട്ടുമായിരുന്നു പുഴ
വെള്ളം മാറ്റിയെടുത്തിലേൽ
മീൻ ചാവുമെന്ന് ഉമ്മ.
ഒഴുകുന്ന പുഴയിലേക്ക്
തളച്ചിട്ട കിണറിനെ
കലർപ്പിക്കുന്നത്
പാപമെന്ന് ഞാനും
മോന്തി നേരത്ത്
പൂട്ടകൾ മലർന്ന് പെടച്ച് ചാവും
ചത്ത പൂട്ടകൾ നിന്റെ ശ്വാസവും
മുട്ടിക്കുമെന്ന് വല്യുമ്മ.


മൂട്ടിൽ മൂട് ഒട്ടിച്ച്
ഇണ ചേർന്ന് ജാഥപോവുന്ന
കാളാന്തട്ടകളെ
പിരിച്ചിട്ട് രണ്ടാക്കും
ഒന്നാകാൻ
നോക്കുന്ന കോഴികളെ
എറിഞു രണ്ടാക്കും
ഈ പാപം പേറിയാലും
ഈ ശാപം നീ എങ്ങനെ
സഹിക്കുമെന്ന് മൂത്തമ്മ


എന്റെ വഴിയിലെവിടെയോ
പ്രവാസത്തിന്റെ ഒരു വാതിൽ
മണലിൽ പിടിച്ചിട്ട
പൂട്ടയെ പോലെ ശ്വാസം കിട്ടാതെ
പൊള്ളിക്കുന്ന കിടക്കയിൽ
ഏകാനായ് പിടയുന്ന
സ്വപനം എന്റെ
ഉറക്കം മുറിക്കുന്നു
ഈയിടെയായ്


പൂട്ട- ചെറിയ ഒരു പുഴമത്സ്യത്തിന്റെ പ്രാദേശിക പേര്
കാളാന്തട്ട ചുവന്ന ശരീരത്തിൽ കറുത്ത പുള്ളികളുള്ള ഒരു തരം പ്രാണി

9 comments:

  1. മണലാരണ്യത്തിലെ പ്രവാസത്തിന്‍റെ പൊള്ളല്‍ അത്രയുമുണ്ട് വരികളില്‍. ആശംസകള്‍ :)

    ReplyDelete
  2. "എന്റെ വഴിയിലെവിടെയോ
    പ്രവാസത്തിന്റെ ഒരു വാതിൽ
    മണലിൽ പിടിച്ചിട്ട
    പൂട്ടയെ പോലെ ശ്വാസം കിട്ടാതെ
    പൊള്ളിക്കുന്ന കിടക്കയിൽ
    ഏകാനായ് പിടയുന്ന
    സ്വപനം എന്റെ
    ഉറക്കം മുറിക്കുന്നു
    ഈയിടെയായ്"
    വരികള്‍ പൊള്ളിക്കുന്നു...

    ReplyDelete
  3. മെത്തയുടെ വലതുഭാഗം
    ശരീരത്തിന്റെ ഇടതു ഭാഗത്തില്ലേ..
    തൊട്ടുനോക്ക്‌.



    ReplyDelete
  4. എന്തിനിങ്ങനെ പിന്നെയും മുറിയ്ക്കുന്നു?
    എന്തു ശാപം വേണം,
    കവിത കൊണ്ട് ശ്വാസം മുട്ടിപ്പോട്ടെ എന്നോ?

    ReplyDelete
  5. പൊടിമകനേ
    കൊടു മകനേ
    കൈ മകനേ
    !

    ReplyDelete
  6. കുറെ ഓര്‍മ്മകള്‍ തിരിച്ചു കിട്ടി
    ആ കോഴികളുടെ ശാപം എനിക്കും കിട്ടണം.

    ഒന്നാകാന്‍
    നോക്കുന്ന കോഴികളെ
    എറിഞു രണ്ടാക്കും

    ReplyDelete