Monday, August 3, 2009

പുഴ, പൂട്ട. കാളാന്തട്ട.രതി, പ്രവാസം


ലേബലു പറിച്ചു കളഞ്ഞ
ഹോർളിക്സ് കുപ്പിയിൽ
ഞാനെന്റെ പുഴയെ
വരുത്തുമായിരുന്നു.
വയറിൽ കറുത്ത
പൊട്ടിട്ട ഒരു പൂട്ടയേയും
കൂട്ടുമായിരുന്നു പുഴ
വെള്ളം മാറ്റിയെടുത്തിലേൽ
മീൻ ചാവുമെന്ന് ഉമ്മ.
ഒഴുകുന്ന പുഴയിലേക്ക്
തളച്ചിട്ട കിണറിനെ
കലർപ്പിക്കുന്നത്
പാപമെന്ന് ഞാനും
മോന്തി നേരത്ത്
പൂട്ടകൾ മലർന്ന് പെടച്ച് ചാവും
ചത്ത പൂട്ടകൾ നിന്റെ ശ്വാസവും
മുട്ടിക്കുമെന്ന് വല്യുമ്മ.


മൂട്ടിൽ മൂട് ഒട്ടിച്ച്
ഇണ ചേർന്ന് ജാഥപോവുന്ന
കാളാന്തട്ടകളെ
പിരിച്ചിട്ട് രണ്ടാക്കും
ഒന്നാകാൻ
നോക്കുന്ന കോഴികളെ
എറിഞു രണ്ടാക്കും
ഈ പാപം പേറിയാലും
ഈ ശാപം നീ എങ്ങനെ
സഹിക്കുമെന്ന് മൂത്തമ്മ


എന്റെ വഴിയിലെവിടെയോ
പ്രവാസത്തിന്റെ ഒരു വാതിൽ
മണലിൽ പിടിച്ചിട്ട
പൂട്ടയെ പോലെ ശ്വാസം കിട്ടാതെ
പൊള്ളിക്കുന്ന കിടക്കയിൽ
ഏകാനായ് പിടയുന്ന
സ്വപനം എന്റെ
ഉറക്കം മുറിക്കുന്നു
ഈയിടെയായ്


പൂട്ട- ചെറിയ ഒരു പുഴമത്സ്യത്തിന്റെ പ്രാദേശിക പേര്
കാളാന്തട്ട ചുവന്ന ശരീരത്തിൽ കറുത്ത പുള്ളികളുള്ള ഒരു തരം പ്രാണി

Saturday, June 27, 2009

തിരിച്ചറിയൽ കാർഡിനപേക്ഷിച്ചിരുന്നു.


വെള്ളപട്ടാളം
തിരൂരങ്ങാടീക്ക്
ജാഥപോയപ്പോ
കല്ലെറിഞ്ഞെന്റെ
വല്യുമ്മാ‍..
ആ കല്ലിന്റെ ചീളിനെന്നെ
അടയാളപ്പെടുത്താനാവില്ലപോൽ
മാപ്പിള മലയാളം
നാവിലേക്ക്
മുലയൂട്ടി തന്ന
ഉമ്മാ‍...
നിങ്ങൾ വിശപ്പാറ്റിയ
അന്നം മേടിച്ചതൊക്കെയും
അപരായിയിരുന്നുപോൽ
നിങ്ങളിവിടെ ജനിച്ചിട്ടേയില്ല പോൽ
കള്ള ലോഞ്ച്
കേറി
പെട്രോ ഡോളർ
തേടിയെന്റുപ്പാ..
യുദ്ധത്തിന്റന്ന്
പിടിത്തം കൊടുത്ത്
പോന്ന ശേഷം
നിങ്ങളെടുത്ത
രണ്ടാം പാസ്പോർട്ട്
എന്നെ വിളിക്കുന്നു
തന്തയില്ലാത്തവനേയെന്ന്.
വല്യുപ്പാന്റെ
മീസാൻ കല്ലിലും
ഉമ്മാനെ പെറ്റിട്ട
പുഴമ്പാലിയിലും
ഞാൻ പെറന്നു വീണ
മിഷാനാസ്പതിയിലും
എന്റെ ചോരവീണ
സ്കൂൾ മൈതാനത്തും
മഷികടലാസ്
പരതിയിരുന്ന
വില്ലേഞ്ചാപ്പീ‍സിനു
പുറകിലും
ഞനെന്നെ
തിരിച്ചറിയാനുള്ള
അടയാളങ്ങളും
തപ്പി നടപ്പാ‍ണിപ്പോൾ

Monday, June 15, 2009

(ഗീബത്സിയൻ) യാഥാർഥ്യങ്ങളുടെ തേട(ഉട)ലിൽ

ഉടലിൽ
തേടുന്നതൊക്കെയും
അജ്ഞാതമാം
കോശങ്ങളിലേക്ക്
ഓടിയൊളിക്കുന്നു.
ഭാവനയുടെ ചിറകുകളിലെ
തൂവലുകൾക്ക് ഭാരമേറിയതാവണം
“എന്റെകഥ” മെനയുവാൻ
മഷിയുറ്റുന്നില്ല.
തിരച്ചിലൊടുവിൽ
ഉറയിലൂറ്റി ഓടയിലെറിഞ്ഞ
എന്റ് കിടാങ്ങളുടെ വിലാപം
കാതിലലക്കും മുൻപ്
ഉടലിലേക്കൂർന്ന്
അഗാധങ്ങളിലെ
അനുഭൂതിയുടെ
കോശത്തിലൊളിക്കണം
അവിടെ നിന്നൊരു
നാഗമാണിക്യത്തെ
കണ്ടെടുക്കണം.

Sunday, June 7, 2009

പ്രാണനേ നിലോഫര്‍


നിലോഫർ,
നിന്റെ കറുത്ത
കൃഷ്ണമണിയിലെ
മൊസ്ലി പവർ
എന്റെ സിരകളിൽ
തീ പാറ്റിക്കുന്നു.

പിയെത്തോയുടെ
നിതംബവും
അഫ്രോഡെറ്റിന്റെ
മാറിടങ്ങളും
കടം കൊണ്ടവളേ
അറീസിന്റെ
ചുണ്ടുമായി
നിന്നെചുറ്റുന്ന
ഇൻസാറ്റ്കളാകും
ഞാൻ,

നിന്റെ മുടികളിൽ
കടലാസുപുഷ്പം
ചൂടിക്കുന്നത്‌
മണമടിച്ച് വരുന്ന
വണ്ടുകൾ
എന്റെ പ്രണയത്തിന്റെ
ചുമ്പനങ്ങളെ
പകുത്തെടുക്കാതിരിക്കാനാണ്.

നിലോഫർ
നിന്റെ പ്രണയം
ശലഭത്തിന്റെ
ചിറകിന്റെ സ്പർശനമായി
എന്റെ ഹൃദയത്തിൽ
തലോടുമ്പോൾ
എന്റെ പ്രണയം
വമിപ്പിക്കുന്ന
ആൻ‌ഡ്രൊജെനുകൾ
നിന്നെ മുറിവേൽ‌പ്പിക്കുന്നുവെങ്കിൽ
പറയുക
ക്രോണസിനെപ്പോലെ
ഞാൻ എന്റെ ഖഡ്കവും
കടലിലെറിഞേക്കാം

എങ്കിലും
നിലോഫർ
എന്റെ പ്രണയത്തെനീ
മുക്കി കൊല്ലാതിരിക്കുക

ചിത്രം: http://thebeautybrains.com/wp-content/uploads/2007/10/101907-henna-tattoo.jpg

Friday, June 5, 2009

തുടകൾ....*

.....* തുടകൾ മറഞ്ഞിരിക്കുന്നവയുടെ സമീപത്തല്ലായിരുന്നുവെങ്കിൽ ഞാൻ കാൽ‌വണ്ണകളെ പ്രണയിച്ചേനേ. വയർ മറക്കപ്പെടുന്നവയുടെ ഇടക്കല്ലായിരുന്നുവെങ്കിൽ ഞാൻ പിൻ കഴുത്തുകളെ വർണ്ണിച്ചേനേ.




തീട്ടം
മണക്കുന്ന
കടൽക്കരയിൽ
ഉപ്പിട്ട മാന്തളിനൊപ്പം
സൺബാത്തിന്
ഉണങ്ങാൻ
കിടക്കുമ്പോഴാവണം
സൌന്ദര്യത്തെ
തെരയാൻ
ആഗ്രഹിച്ചത്
ഞൊണ്ടി പഴ
ചുണ്ടിലും
അമ്പിളിക്കല
നെറ്റിയിലും
ആലില
വയറിലും
ആസ്വദ
തിരക്കിന്റെ
ട്രാഫിക്
ജാമായതിനാലവണം
മുറിക്കാൻ
മറന്ന
നഖത്തിനടിയിലും
ചെവിയിൽ നിന്ന്
തെറിക്കുന്ന
രോമാഗ്രത്തിലും
ഇഞ്ചി കഷ്ണ
കാൽ‌വിരലുകളിലും
സൌന്ദര്യം
തേടാൻ
തുടങ്ങിയത്
മാന്തൾ
മണം
മൂക്കിലടിച്ചപ്പോഴാവണം
രംഭ
തിലോത്തമമാരുടേ
ചുണ്ടിന്റെ
നിറം
മനസ്സിൽ വന്നത്
ലാക്മേയുടെ
ഷോറൂം
സ്വർഗത്തിൽ
തുറന്നിട്ടാല്ലായെങ്കിൽ
താമ്പൂലം
കുപ്പായത്തിൽ
കറ തീർക്കുമല്ലോയെന്ന്
നിരാശപ്പെട്ടത്.
മെതിയടിയിൽ
നിന്ന് മാറിയുട്ടുണ്ടാവില്ലേ
എന്നെ ഹൈ ഹീൽ
ഫെറ്റിഷിസം
ആകുലപ്പെട്ടത്.
കടൽക്കാക്ക
പറന്ന്
പോവുന്നത്
കണ്ടപ്പോഴാവണം
ദൈവത്തിന്റെ
ബ്രഷ് കിട്ടിയിരുന്നെങ്കിൽ
വീനസ് വില്യംസിൽ
മുക്കി
ഷാരപ്പോവക്കിത്തിരി
നിറം പകരമെന്ന്
നിനച്ചത്

Tuesday, June 2, 2009

അലിഫായിരം



അലിഫിൽ
നിന്ന്
തുടങ്ങണമെന്നും
അലിഫായീരമെന്നും
ബോധിപ്പിക്കുന്നവനെ
നിന്റെ സ്നേഹം
അഗാധതയുടെ
ഓരത്ത്
മേയുന്ന
ആടിൻ കുഞ്ഞിന്റെ
കഴുത്തിലെ
കയറെന്ന പോൽ
എന്നെ നോവിക്കുന്നു.


അപഥ യാത്രയിലേക്ക്
വഴുതുമ്പോൾ
നേർവഴി തെള്യിക്കുന്ന
അല്ലാഹ്
നിന്റെ കാരുണ്യം
എന്റെ സിരകളിൽ
മത്തു പിടിപ്പിക്കുന്നു
ഉന്മത്തന്റെ
ജല്പനങ്ങളെ
നീ
അലിവിന്റെ
മഴകൊണ്ട്
മായ്ചുകളയുക

നീ വെളിപ്പെട്ട
സീനാകുന്നിന്റെ
മുകളിൽ
ഞാൻ
സുജൂദിൽ
വീഴുമ്പോൾ
എന്റെ മുതുകിലെ
പാപത്തിന്റെ
ഭാരങ്ങൾ
നീക്കിതരിക

മൂന്നക്ഷരങ്ങളുടെ
സ്മരണകളാൽ
എന്റെ ഉള്ളം നിറക്കുക
പിടലി ഞെരമ്പോളം
അടുക്കുമ്പോൾ
ഒന്നു ആഞ്ഞു പുണർന്നേക്കുക
എന്റെ സ്വർഗം
തന്നേക്കുക

Sunday, May 24, 2009

വെണ്ണിലാ കബഡിക്കൂട്ടം


വിഷാദ സർപ്പം
ഉപ്പൂറ്റിയിലേക്ക്
ഊറ്റിയ
വിഷത്തിന്റെ
തണുപ്പ്
ശിരസ്സിലേക്ക്
അരിച്ചെത്തുമുൻപെ
സുബ്രമണ്യപുരത്തെ
കൊട്ടകയിലിരുന്ന്
കബഡിക്കൂട്ടത്തെ
കാണണം

ദുർമരണത്തെ
പ്രണയിച്ചവർക്ക്
മോക്ഷമില്ലെങ്കിൽ
ഹെപ്ടോൺ സ്റ്റേക്കിലെ
യക്ഷിപാലയിൽ നിന്നൊരാത്മാവിനെ
കൂടെ കൂട്ടണം
നാവിലെ വാക്കുകളുടെ
കെട്ടഴിപ്പിക്കണം
വാക്കുകളുടെ
വറുതി തീർക്കണം
ആത്മാവിനെന്റെ
നാവുനൽകണം
അവളുടെ
വാക്കുകൾ
ചുണ്ടിൽ നിറക്കണം

എന്നിട്ട്
മുല്ലൈതൈവീവിലേയും
കിള്ളിനോച്ചിലെയിലേയും
ബോബിനെ
ഗർഭം ധർച്ച്
സ്ഫോടനത്തെ
പ്രസവിക്കുന്ന
സ്വാതന്ത്ര്യ പറവകളെ
കാണണം
മരണ സ്വാതന്ത്രത്തിന്റെ
വരികൾ
പാടിക്കണം

Saturday, May 23, 2009

നൊസ്റ്റാൾജിയ എഴുത്ത് – അമാവാസി സ്റ്റൈൽ.



പൊതിർന്ന
പൊതിയിലെ
എണ്ണയുടെ
പാവം
പിടിച്ച
മണമാണെങ്കിലും
അച്ചനിട്ടൊരു
തെറിവിളിക്കണം.
ക്രൂരനാക്കി
ക്രൂശിക്കാനൊരു
കഥ ചമക്കണം

പുളിവാറലിന്റെ
തിണർത്ത
പാടും
ചുവന്നു
തുറിച്ച
ഭീതിപ്പെടുത്തുന്ന
കണ്ണുകളുമാണെങ്കിലും
ഓർമയിലെ
അമ്മയുടെ
കാരുണ്യത്തെ
വാഴ്ത്താൻ
വരികൾ
കുറിക്കണം
കണ്ണീർ നനഞ്ഞ
ചുമ്പനകളുടെ
കഥമെനയണം

എന്നിട്ട്
അച്ചൻ
ലോഹ്യക്കാരിയെ
രണ്ടാം കെട്ട്
കെട്ടിയതു കൊണ്ട്
അമ്മ
പെഴച്ചു
തേവിടിശ്ശിയായെന്ന്
കവിതകളെഴുതണം
എന്റെ പേരും
അച്ചടിക്കപ്പെടണം.


Sunday, May 10, 2009

എനിക്കൊരു കള്ളനാവണം.

എനിക്കൊരു
കള്ളനാവണം
ജയലളിതയുടെ
അരമന കുത്തിതുറന്ന്
ഒരു ജോഡി
പാദരക്ഷകൾ
മോഷ്ടിച്ചെടുക്കണം
ചോർ ബസാറിൽ
മാലാഖ
കുഞ്ഞുങ്ങളുടെ
ചെരുപ്പുമായത്
മാറ്റി വാങ്ങണം
എന്നിട്ട്
ടെഹടാനിലെ
തെരുവോരങ്ങളിൽ
ചെന്ന്
സ്വർഗത്തിലെ
കിടാങ്ങളെ
കണ്ടെത്തണം
അലിയുടെ
മുറിഞ്ഞ
കാലിൽ
ഉമ്മവെച്ച്
സഹറയുടെ
പാദത്തിൽ
ഷൂ അണിയിക്കണം

വിജയ് മല്യയുടെ
ലോക്കറിൽ
നിന്നെനിക്ക്
ഗാന്ധിയുടെ
കണ്ണട
മോട്ടിച്ച്
അതിലൂടെ
ഒരു ദിവമെങ്കിലും
എനിക്ക്
ലോകത്തെ
കാണണം


ചിത്രം:---
http://www.selectspecs.com/blog/wp-content/uploads/2009/03/gandhi-glasses.jpg

Saturday, May 9, 2009

ഷെഹരിയാർ സ്പീക്കിംഗ്


ആയിരത്തൊന്നു
ഉദയങ്ങളിലും
കഥകളാണ്
ഷെഹറസാദിന്റെ
ശിരസ്സിന്റെ
ആയുസ്സേറ്റിയ
ദൈവമെന്ന്
പാടിപറയുന്ന
പാണൻ കവികളെ

നിങ്ങളെൻ
പ്രണയത്തെ
നിരാകരിക്കുകയും
രതി മോഹങ്ങളേ
നിസ്സാരമാക്കുകയും
ചരിത്രത്തെ
വഴി തെറ്റിക്കുകയും
ചെയ്യുന്നു.

അടഞു
കിടക്കുന്ന
അന്ത:പുര
വാതിലിനപ്പുറം
പിറുപിറുക്കപ്പെട്ട
കഥകൾക്കുമപ്പുറം
പുളയുന്ന
ശരീരങ്ങളടെ
ശീൽക്കാരങ്ങളുടെ
കേൾവിക്ക്
നിങ്ങൾ
ഇന്ദ്രിയ
വാതിലുകൾ
കൊട്ടിയടക്കരുത്.

ആയിരൊത്തൊന്ന്
രാവുകൾക്കുള്ളിൽ
ഷെഹറാസാദിന്റെ
നിറഞൊഴിഞ
വയറുകളുടേയും
പിറന്നകിടാങ്ങളുടേയും
സാക്ഷ്യങ്ങളെണ്ണാ‍തെ
കഥകളുടെ
എണ്ണമെടുക്കുന്നവരേ
നിയെന്റെ
പ്രണയത്തിന്റെ
കഥകളെ
മായ്ചുകളയുകയാണ്.

കവിതയുടേയും
കഥകുളുടേയും
ചതഞ്ഞ
പാദങ്ങളിലല്ല
പ്രണയത്തിന്റെ
വിടർന്ന
ചിറകിലാണ്
ജീവിതം
ചലിക്കുന്നതും
ഓടുന്നതും..

Sunday, May 3, 2009

ബാധ


ഷീലയുടെ
പൊക്കിളിൽ
നിന്ന്
നയൻ‌താരയുടേ
മാറിടത്തേക്ക്
അധിനിവേശം
നടത്തിയ
സാമ്രാജ്യത്തമേ

നീ
മേദസ്സു
നിറഞ
എന്റെ
മാ‍ദക
അഭിനിവേശങ്ങളേ
നിന്റെ
സ്ഥൂല
ശരീരം കൊണ്ട്
പുണർന്ന് ശമിപ്പിക്കുക

എന്റെ സായഹ്നങ്ങളിൽ
അയഞ ടി-ഷർട്ടും
മുറുകിയ
ജീൻസുമിട്ട്
നീ എന്നെ
പബ്ബുകളിലേക്കാ-
നയിക്കുക
എന്റെ
അന്തിക്കള്ളിന്റെ
കുപ്പിയിൽ
ബീറും വോഡ്കയും
നിറയ്കുക

എന്റെ
ദ്രുതതാള
നടനങ്ങളെ
നിന്റെ waltz
കൊണ്ട്
അരക്കെട്ടിലേക്കൊതുക്കുക

എങ്കിലും
മുഗൾ ദർബാറിൽ
നൌബത്ഖാനയിൽ
ഹുക്കയുടെ
പുകപടർത്തിനൊപ്പം
ഖുരാനക്കും
കഥകിനും
താളമാവാൻ
മടങ്ങുമ്പോൾ
വന്നേക്കരുത്
അന്നേരത്ത്
നീ കാൽ‌വരിക്കുന്നേറി
സ്വയം ക്രൂശിക്കപ്പെട്ടു കൊൾക
ഫോട്ടോ :---http://www.geocities.com/tokyo/shrine/4287/kathak1.jpg

പെഴച്ചു പോവുന്നത്


കൊത്തംകല്ല് കളിക്കുമ്പോ
കുന്തിച്ചിരിക്കുന്ന
കാലുകൾക്കിടയിലൊരു
ചുവന്ന പൊട്ട്.

റെയിൽ വെ
സ്റ്റേഷനിന്റെ
കോണിൽ
ഒരു കുഞ്ഞ്
ഉറുഞ്ചിയെടുക്കുന്ന
മുലയുടെ
വെളുത്ത മസൃണത.

പാടത്ത്
കുനിഞു
കളപറിക്കുന്ന
കറുത്ത ശരീരത്തിൽ
ഉപ്പു കുറുക്കുന്ന
വേർപ്പുചാലിന്റെ
നനവ്.

ഇരുട്ടവുമ്പോ
നേർത്തു
വരുന്ന
അലിയും
ജഗജീത്തും
പങ്കജും

സ്വർഗ്ഗത്തിന്റെ
മോഹം കൊണ്ടും
ഖബറിന്റെ
ഭീതികൊണ്ടും
വഴിനേരെയാക്കാൻ
നോക്കിയ ദൈവമേ.

തിളച്ചു മറിയുന്ന
രേതസ്സ്
വൃക്ഷണത്തിലും
മെലാനിനും
മാംസവും
പെൺശരീരത്തിനും
ഗാലിബിന്റെ
പേനക്ക്
വാക്കുകളും
ഗസലുകൾക്ക്
അൽഫാസും
കൊടുത്തത്
ചതിയായിപ്പൊയിവൻ ചതിയായിപ്പോയി
പടം :---http://www.wishtank.org/img/2008/licsi/lichiban-dress-flowers.jpg