Tuesday, September 29, 2009

ഭൂപടം


മട്ടകോണുകളുടെ ഗണിതമറിയാത്ത കലാകാരൻ വരച്ചതു കൊണ്ടാവണം ബിറ്റ് വെച്ച് നേടാനുള്ള എന്റെ (ദു)സ്വാതന്ത്ര്യത്തേയും പറ്റിച്ച് സ്കൂൾ ഉത്തരകടലാസുകളിൽ നിന്ന് ഭൂപടം എന്റെ അഞ്ച് മാർക്ക് മോട്ടിച്ച് കടന്നു കളയുമാ‍യിരുന്നു. സ്വാതന്ത്ര്യം നേടുകയെന്നാൽ അതിരുകൾക്കുള്ളിലേക്ക് ചുരുക്കപ്പെടലാണോ എന്ന് സൈബീരിയായിൽ നിന്ന് കടലുണ്ടിയിലേക്ക് വിരുന്നു വരാറുള്ള വെള്ള കൊക്ക് ചോദിക്കുമായിരുന്നു. കളഞ്ഞു കിട്ടിയ ഒരു തൂവാലയുണ്ടായിരുന്നു കയ്യിൽ. അതിൽ ഋജു രേഖകളിലുള്ള ഭൂപടം തുന്നാൻ കൊടുത്തു ഇന്നലെ..

Tuesday, September 8, 2009

ഹസനേ.. വസന്തമേ..


വിരൽ തുമ്പിൽ
കവിതയുടെ
സംസം ഒളിപ്പിക്കുന്നവനേ
ഹസന്‍

നിന്റെ വിരലൊന്നു
ഞാൻ നുണഞ്ഞോട്ടെ.
നിന്റെ പ്രണയത്തിന്റെ
ഉറവയിൽ നിന്ന്
ഞാനിത്തിരി
കുടിച്ചോട്ടേ.

സിഗരറ്റ്‌ പുകയെ
ചുരുളായ്‌ തുപ്പുന്ന
ഹസന്‍
നില്ല്...
വിശക്കുന്ന
ചും‌ബനം നിന്റെ
വളയുന്ന ചുണ്ടിലിട്ടു
ഞാൻ നിന്നെയൊന്ന്
പുക വലിച്ചോട്ടെ.

വലം കൈ ചുരുട്ടി
ഇടനെഞ്ചിൽ നീ
മർദ്ദിക്കുമ്പോൾ
ഹസനേ ചൊല്ല്
ഒരു കവിത ചൊല്ല്
നിന്റെ കവിത
കേട്ടില്ലേൽ
തണുത്തുറഞ്ഞ
എന്റെ കണ്ണുനീർ
ഒഴുകാൻ മറന്നേക്കും.

ഏകാന്തതയുടെ തീരങ്ങളിലേക്ക്‌
വിട്ടകന്ന് പോകും മുൻപ്‌
സഫാക്കും മർവ്വാക്കുമിടയിലേക്ക്‌
നീ ഒന്ന് പോരുന്നോ ഹസന്‍
അടിമ ഹാജറയുടെ
പാല്‌ വറ്റിയ
മാറിടത്തിൽ നിന്ന്
വാത്സല്യത്തിത്തിന്റെ
പെരുന്നാളുണ്ണാം
നമുക്ക്‌...

ഉമ്മയുടെ അമ്മിഞ്ഞ
കാലടിച്ച്‌
വരണ്ട ഭൂവിൽ നിന്ന്
ഉറവ കൊള്ളിച്ച്‌
ഇസ്മായിൽ
കാലങ്ങളുടെ
ദാഹം ശമിപ്പിക്കുന്നതെങ്ങനെയെന്നും
നോക്കാം നമുക്ക്‌.

ഹാജറയെ പോലെ
സഫാക്കു മർവ്വാക്കും
ഇടയിൽ ഓടാം
നമുക്ക്‌..

വറ്റിയ മുലകളിൽ നിന്നും
ഒരു സംസ്കാരം അവൾ
ഓടി പടുത്തെതെങ്ങനെയെന്നും
നമുക്ക്‌ നോക്കാം..

ഹാജറായുടെ പ്രണയത്തിന്റേയും
വിരഹത്തിന്റേയും
ചിന്തകളിൽ
നമുക്ക്‌ അരക്കെട്ടുകളിൽ
കെട്ടിപിടിച്ച്‌
ഒരു ഹുക്ക പങ്കിട്ടു വലിക്കാം
എന്നിട്ടവളുടെ
വിരലു പതിഞ്ഞ
ഒരു മണൽ തരി
മനസ്സിലിട്ട്‌
ഏകാന്തതകളിലേക്ക്‌
പിരിയാം...

Monday, September 7, 2009

ശ്രീദേവി മുവീസ്‌ ഇത്തിരി സദാചാര വൃത്താന്തങ്ങൾ





വെട്ടത്തിനു കടക്കാൻ മാത്രം
വട്ടമുള്ള പീപിങ്ങ്‌ ഹോളിലൂടെ
നരച്ച സൂര്യവെളിച്ചം
ശ്രീദേവി മുവ്വീസിന്റെ
സീറ്റുകൾ ചാടികടന്ന്
സ്ക്രീനിലേക്ക്‌കുടിയേറുമ്പോഴാണ്‌
സാരികുത്തിന്‌പിടിച്ച
ഉമ്മറിന്റെ കൈതട്ടിമാറ്റി
സീമ സ്ക്രീൻ വിട്ടിറങ്ങിയോടിയത്‌
ഒന്നമാന്തിച്ചാണ്‌ഉമ്മറും
പിറകെ കൂടിയത്‌
10 രൂപയുടെ നഷ്ട്മമോർത്ത്‌
പിന്തുടരാൻ തുടണ്ടിയകാണികൾ
പുറത്തെ വെളിച്ചത്തെ
പേടിച്ച്‌ തിരികെ വന്ന്
ഇരുട്ടിന്റെ ഹിജാബ്‌കൊണ്ട്‌
മുഖംമറച്ച്‌ ഉച്ചത്തിൽ കൂവി

പാണ്ടിക്കാട്‌ റോഡിലെ
തിരക്കിനിടയിൽവെച്ചാണ്‌
സീമയെ ഉമ്മർവീണ്ടും പിടിക്കുന്നത്‌.
പുച്ഛവും പ്രതിഷേധവും
മുഖത്തേക്ക്‌ചർദ്ദിച്ചിട്ട
ആൾകൂട്ടത്റ്റിലൊരുവൻ
സീമയുടെ വയറിന്റെവെളുപ്പിനെ
ശ്‌ .. എന്നുള്ളിലേക്ക്‌
ആഞ്ഞുവലിച്ചപ്പോഴാണ്‌
വെള്ളിത്തിരക്കു പുറത്ത്‌
സ്ക്രിപ്റ്റിന്റെ ഔചിത്യത്തേകുറിച്ച്‌
ഉമ്മറിന്‌ സംശയംതോന്നിയത്‌.
സീമക്ക്‌ സ്ക്രീനിനുപുറത്തെ
സദാചാരവുംസംസ്കാരവും
ലജ്ജയായ്‌വന്നതും

ആൾക്കൂട്ടത്തിലെ
ഏകാന്തതയുടെവിരസപ്പെടലിൽ
ശ്രീദേവീസ്‌ കൊട്ടകയിലിരുന്നൊരാൾ
കോളേജും കുന്നിനും പുറകിലെ
വിജനമാം പൊന്തകാടുകളിലാവുമോ
സീമയെ ഉമ്മറിനു കിട്ടിയതെന്ന്
ഒരു സാധ്യതാ നിരിക്ഷണംപുറത്തു വിട്ടത്‌.
അതിന്റെ അനന്ത സാധ്യതകളിൽനിന്നാവണം
മൂവിസിലെ ജനങ്ങൾവാനിഷ്‌ ചെയ്യപ്പെട്ടത്‌.

അപ്പോൾ തെളിമയില്ലാത്ത
ചിത്രമായ്‌സ്ക്രീനിൽ
ഉമ്മാച്ചുമായനെ
ഒരുകറുത്ത ചുമ്പനം കൊണ്ട്‌പൊതിഞ്ഞു.

Friday, September 4, 2009

പകൽ കിനാവൻ



ബ്രസീലിലൊരു

ഇരട്ട പൌരത്വം

റോബീഞോയുടെ

പാസ്സിൽ നിന്നൊരു ഗോൾ


ആറുപന്തിലുംസിക്സർ

സചിനോടൊപ്പംഒരു

റെക്കോർഡ് കൂട്ട് കെട്ട്

ജൈസാടെ ഇക്ക പിടിച്ചന്റെ

പ്രണയ കുറിമാനം

അവളുടെവാപ്പായുടെ

കൈപിടിച്ചൊരു നിക്കാഹ്


ഓസ്കാറിന്റെ വേദിയിൽ

സമീറാ മാക്ബെൽഫിൽ

നിന്നൊരു ഷേക് ഹാന്റ്

നോബേൽ പ്രസിനൊപ്പം

Elfide jelnek ൽ നിന്ന്

കവിളിലൊരുമ്മ


ചോരപുരളാത്തൊരു

വിപ്ലവം, അട്ടിമറി

ഗരീബിയുടെഭരണം


വാലസും പ്ലാത്തും ഇടപള്ളിയും

മൂന്നുകഷ്ണം കഫനിൽ എന്റെ തന്നെ മയ്യിത്തും

എന്റെ രാത്രികളിൽ

നിദ്രകെടുത്താൻ

തുടങ്ങിയ തൊട്ട്

ഞാൻ ഉറക്കത്തിൽ

സ്വപ്നം കാണാറില്ല

-----------

സമർപ്പണം പിൻ‌കുറി:- പോസ്റ്റ് ചെയ്യെരുതെന്ന് കരുതിയൊരു കവിതയാണ്.

ഞാൻ മരിച്ചു പോയെന്ന് സ്വപം കണ്ട അഞ്ജാതനാം സുഹൃത്തിന്‌ സമർപ്പിക്കാൻ വേറൊന്നും ഇപ്പൊ കയ്യിലില്ല.