Wednesday, January 20, 2010

നിലോഫറേ കാറ്റാടി മരമേ



കടൽ കരയിലെ
കാറ്റാടിക്കു താഴെ
ആടിയാടിയിരിക്കുന്ന
നിലോഫർ
നിന്നെയുലക്കുന്നത്
ഏതുകാറ്റാണ്

നിലോഫർ
കാറ്റാടികളൊക്കെയും
പ്രണയത്തിന്റെ
അടയാളങ്ങളാണെന്ന്
നമ്മുടെ പ്രണയപാഠങ്ങളിലുമുണ്ടോ?
കടൽക്കരയിലെ
ഓരോകാറ്റാടിയും
അനേകം കിണറുകളാണ്
ഉപ്പുകയ്ക്കാത്ത
തെളിനീരിലേക്കാഴുന്ന
വേരുകൾ കുഴിക്കുന്ന
കിണറുകൾ

നിലോഫർ
നിന്റെ പ്രണയത്തിന്റെ
വേരുകൾ
എന്റെ കരളിൽ
കുഴിക്കുന്ന കിണറുകളിൽ
ഉപ്പു ചുവക്കുന്നുവെങ്കിൽ
അതെന്റെ കണ്ണീരിന്റെയാണ്.
കണ്ണീരും കടലും
വിരഹത്തിന്റെ
അടയാളങ്ങളാണേന്നും
നമ്മുടെ പ്രണയ
പാഠങ്ങളിലുണ്ടോ
വിരഹം പ്രണയത്തിന്റെ
അടയാളമാണെന്നെങ്കിലും
നമ്മുടെ ജീവിത പാഠങ്ങളിലുണ്ടല്ലോ.

അലയൊതുങ്ങിയ
കടൽക്കരയിൽ
പ്രണയത്തിന്റെ
അലകൾ കണ്ണുകളിലൊളിപ്പിച്ച്
അലസമയിരിക്കുന്നവളേ
നിലോഫർ
ചാറ്റ് റൂമിലോ
ചാരത്തോ വന്നാൽ
ഞാൻ ശഹ്ബാസിന്റെ
വിരഹാർദ്രസ്വരം
കേൾപ്പിച്ചു തരാം നിനക്ക്
“നീയും നിലാവും കാറ്റിൻ
സുഗന്ധവും“

നിന്റെ മുടിയിലൊളിച്ച്
നിലാവിന്റെ ഏഴാം
കടലുകടക്കാമെന്ന
കിനാവ്
വെട്ടിയൊതുക്കിയ മുടികൊണ്ട്
പാഴ്കിനാവാക്കിവളേ
നിലാവില്ലാത്ത
രാത്രിയിൽ
കടൽക്കരയിൽ
പുകവലിച്ചിരുന്ന്
സിഗരറ്റിന്റെ വെട്ടത്തിൽ
പരസ്പരം കാണാം
എന്നിട്ട് ആഞ്ഞ് ആഞ്ഞ്
പുണർന്ന് പറക്കുന്ന
പുകച്ചുരുളുകളേ നോക്കി
അലിഞ് ചേർന്ന്
പറയാം “അനൽഹഖ്“
കടലിനെ നോക്കി പാടാം
“അലയൊതുങ്ങിയ….“
ചിത്രമ്മ്: http://fineartamerica.com/watermark.html?id=646969

No comments:

Post a Comment