
വെള്ളപട്ടാളം
തിരൂരങ്ങാടീക്ക്
ജാഥപോയപ്പോ
കല്ലെറിഞ്ഞെന്റെ
വല്യുമ്മാ..
ആ കല്ലിന്റെ ചീളിനെന്നെ
അടയാളപ്പെടുത്താനാവില്ലപോൽ
മാപ്പിള മലയാളം
നാവിലേക്ക്
മുലയൂട്ടി തന്ന
ഉമ്മാ...
നിങ്ങൾ വിശപ്പാറ്റിയ
അന്നം മേടിച്ചതൊക്കെയും
അപരായിയിരുന്നുപോൽ
നിങ്ങളിവിടെ ജനിച്ചിട്ടേയില്ല പോൽ
കള്ള ലോഞ്ച്
കേറി
പെട്രോ ഡോളർ
തേടിയെന്റുപ്പാ..
യുദ്ധത്തിന്റന്ന്
പിടിത്തം കൊടുത്ത്
പോന്ന ശേഷം
നിങ്ങളെടുത്ത
രണ്ടാം പാസ്പോർട്ട്
എന്നെ വിളിക്കുന്നു
തന്തയില്ലാത്തവനേയെന്ന്.
വല്യുപ്പാന്റെ
മീസാൻ കല്ലിലും
ഉമ്മാനെ പെറ്റിട്ട
പുഴമ്പാലിയിലും
ഞാൻ പെറന്നു വീണ
മിഷാനാസ്പതിയിലും
എന്റെ ചോരവീണ
സ്കൂൾ മൈതാനത്തും
മഷികടലാസ്
പരതിയിരുന്ന
വില്ലേഞ്ചാപ്പീസിനു
പുറകിലും
ഞനെന്നെ
തിരിച്ചറിയാനുള്ള
അടയാളങ്ങളും
തപ്പി നടപ്പാണിപ്പോൾ